Translate to your language

Monday, 17 July 2017

God, Messenger & Heaven - part 1 | When Ethics Strike : Kerala Nurses Edition - Fejo | Malayalam Write Ups

God, Messenger & Heaven - part 1 | When Ethics Strike : Kerala Nurses Edition
ദൈവവും, ദൂതനും, അവരുടെ സ്വര്‍ഗ്ഗവും - പാര്‍ട്ട്‌ 1


സ്വർഗവാതിൽ തുറന്ന്, കിതച്ചുകൊണ്ട് ഓടിക്കയറിയ ദൂതൻ കണ്ടത് സിനിമ കണ്ടുകൊണ്ടിരിക്കുന്ന ദൈവത്തെ ആയിരുന്നു.

ദൂതൻ ഒരു ആമുഖത്തോടെ തുടങ്ങി : ദൈവമേ... ഇതേതാ പടം ??

ദൈവം : ഇംഗ്ലീഷാ... ഡാവിഞ്ചി കോഡ് !!

പേര് കേട്ടതും ദൂതൻ ചെറുതായി ഞെട്ടി, നെറ്റി ചുളിച്ചു, പുരികം വളച്ചു നിന്നു.

ദൂതന്‍റെ റിയാക്ഷൻ കണ്ട ദൈവം (കളിയാക്കികൊണ്ട്) : ഹെയ്... ഇതു അതല്ല... നല്ല പടം ;)

ദൂതൻ : എന്‍റെ പൊന്നു ദൈവമേ, അതെനിക്കറിയാം... പക്ഷെ ഡാവിഞ്ചി കോഡ് എന്നു പറയുമ്പോ,
അതു സഭ നിരോധിച്ച പടമല്ലേ... അതു കാണുന്നത് നമുക്ക് ഭൂഷണമാണോ ??

ദൈവം : എടോ ഭോഷാ... എന്തുകൊണ്ട് നിരോധിച്ചു എന്നറിയാൻ വേണ്ടി കണ്ടതാ...
പക്ഷെ സമ്മതിക്കണം, പടം ഉണ്ടാക്കിയവന്‍റെ 'ഭാവന' !!

ദൂതൻ : 'Imagination' എന്ന വാക്ക് ഉപയോഗിച്ചാൽ മതി. ഇല്ലേൽ അകത്തു പോകും !!

ദൈവം (നന്നായി ആലോചിച്ച്) : ഓഹ്.. അങ്ങനെ... ഓക്കെ... ആഹ് പിന്നെ... ഈ പടത്തിന്‍റെ 2nd പാർട്ട് ഇറങ്ങിയിട്ടുണ്ട്...
താൻ പോയി അതിന്‍റെ CD കൊണ്ടുവാ... പടത്തിന്‍റെ പേര് 'Angels & Demons' !!

ദൂതൻ (വീണ്ടും ഞെട്ടി) : ഞാൻ പറയാൻ വന്ന കാര്യം ദൈവത്തിനു എങ്ങനെ മനസ്സിലായി ??

ദൈവം (സംഭവം മനസ്സിലാതെ) : ങ്ങേ... അത്... ആഹ്... എല്ലാം അറിയുന്നവൻ സാക്ഷി എന്നാണല്ലോ...
താൻ ഞെട്ടിക്കോണ്ട് നിൽക്കാതെ കാര്യം പറ... ഏത് Angels, ഏത് Demons ??

ദൂതൻ (ഒരു നിശ്വാസത്തോടെ) : ദൈവമേ... മാലാഖമാർ സമരത്തിലാണ് !!

ദൈവം (ഞെട്ടലോടെ) : എന്‍റെ ഈശ്വരാ... അവർക്ക് വേണ്ടതെല്ലാം ഞാൻ provide ചെയ്യാറുണ്ടല്ലോ... പിന്നെ എന്തിനാ സമരം ??

ദൂതൻ : ഓഹ്... ഇവിടുത്തെ മാലാഖമാരുടെ കേസ് അല്ല... നമ്മുടെ ഭൂമിയിലെ മാലാഖമാർ... നഴ്സുമാർ... അവരുടെ സമരം !!

ദൈവം : ഓക്കെ... ആ angels... ശരി, അപ്പൊ demons എന്തു പറയുന്നു ??

ദൂതൻ : ഹോസ്പിറ്റൽ മാനേജ്മെന്‍റ് കടുംപിടുത്തത്തിലാണ് പ്രഭോ...

ദൈവം : ശമ്പളം ഒന്നും കൂട്ടി കൊടുത്തില്ലേ ??

ദൂതൻ : ഹും, പലർക്കും കഴിഞ്ഞ മാസങ്ങളിലെ ശമ്പളം തന്നെ തികച്ചു കിട്ടിയിട്ടില്ലാ എന്നാ കേൾക്കുന്നെ...

ദൈവം : എടോ, ഇത് നമ്മളെ ബാധിക്കുന്ന പ്രശ്നം ആണോ ??

ദൂതൻ (പുഞ്ചിരിച്ചുകൊണ്ട്) : ഒട്ടുമിക്ക നഴ്സുമാരും രോഗികളെ തങ്ങളുടെ ഉറ്റ ബന്ധുക്കളെപ്പോലെ സ്നേഹിക്കുന്നു.
മറ്റുള്ളവരുടെ വേദനകളെ സ്വന്തം വേദനയായി കണക്കാക്കി, അവരെ പരിചരിക്കുന്നു...
മനുഷ്യർ അവരെ ആദരിക്കുന്നുണ്ട്... എന്നാൽ അർഹിക്കുന്ന കൂലി, അതു അവർക്ക് ലഭിക്കേണ്ടേ ??

ദൈവം : അതൊക്കെ ഓക്കെ... പക്ഷെ ഈ പ്രശ്നം നമ്മളെ എങ്ങനെ ബാധിക്കാനാ ??

ദൂതൻ (വിനയത്തോടെ) : പ്രഭോ... 'nurse' എന്ന വാക്കിന് 'പോറ്റമ്മ' എന്നൊരു അർത്ഥം കൂടിയുണ്ട്...
സ്നേഹം ആണ് നഴ്സുമാരുടെ രൂപം... കാരുണ്യം ആണ് അവരുടെ ചിഹ്നം,
എന്നാൽ 'മരണം വരെ സമരം' എന്നതാണ് ഇപ്പോൾ അവരുടെ മുദ്രാവാക്യം !!
വേദനയിൽ മനം നൊന്ത്, ഭൂമി വിട്ട് ഇവർ പോയാൽ, ഇവർക്കായി സ്വർഗത്തിൽ ഇരിപ്പിടം ഒരുക്കേണ്ടതുണ്ട്...
ഈ പ്രശ്‌നത്തിന് നമ്മളുമായുള്ള ബന്ധം ഇപ്പോൾ അങ്ങേയ്ക്കു മനസിലായില്ലേ...

ദൈവം (ഒന്നു ആലോചിച്ച്) : ഉം... മാത്രമല്ല, നമ്മളെ ഓർത്തു പ്രാർത്ഥിച്ചു കേഴുന്ന ഒരുപാട് രോഗികൾക്കും, അവരുടെ കുടുംബാംഗങ്ങൾക്കും, ഇവരിൽ നിന്നു ലഭിക്കുന്ന കരുതലും, തുണയും ഇനിയും തുടരേണ്ടതുണ്ട്...
ഹും... അധികാരികൾ എന്തു പറയുന്നു ??

ദൂതൻ : നഴ്സുമാർക്ക് പകരം നഴ്സിങ് വിദ്യാർഥികളെ രംഗത്തിറക്കാനാണ് ചിലരുടെ പരിപാടി !!

ദൈവം : ഈശ്വരാ... കൊച്ചി മെട്രോയുടെ extension ജോലികൾ എൻട്രൻസ് കോച്ചിങ്ങിന് പോണ പിള്ളേരെ ഏൽപ്പിക്കുന്ന പോലെ...

ദൂതൻ (ഇടയിൽ കേറി) : അങ്ങനെ അധിക്ഷേപിക്കേണ്ട... നഴ്സിങ് വിദ്യാർഥികൾ സമരത്തിന്
ഐക്യദാർഢ്യം പ്രഖ്യാപിച്ച് മുൻനിരയിൽ തന്നെ ഉണ്ട് !!

ദൈവം : ഹ ഹ... കൊള്ളാം... അതു കലക്കി... പക്ഷെ ഞാൻ ഇപ്പൊ എന്ത് ചെയ്യണമെന്നാ നിങ്ങൾ പറയുന്നേ ??

ദൂതൻ : ഒന്നും വേണ്ടാ... ഇവരുടെ സത്യാവസ്ഥ മനസിലാക്കി, വേണ്ടത് ചെയ്യാൻ,
ഒരു ആശുപത്രി അധികാരിയുടെ മനസ്സിലെങ്കിലും, ഒരു ഉൾവിളി തോന്നിച്ചാൽ മതി...

ദൈവം (ആലോചിച്ചുകൊണ്ട്) : ശരി, സന്തോഷത്തോടെ പൊയ്ക്കൊള്ളുക... നീതിക്കായി പോരാട്ടം തുടരാൻ നഴ്സുമാരോട് പറയുക...
നല്ലവരായ ജനങ്ങളും, അധികാരികളും അവരോടൊപ്പം ഉണ്ടെന്നു ഓർമ്മിപ്പിക്കുക... നല്ലതു വരട്ടെ...
'പിക്ചർ അഭി ഭീ ബാക്കി ഹേ' എന്നല്ലേ...

തൊഴുതുകൊണ്ട് മടങ്ങുന്ന ദൂതനെ നോക്കി പുഞ്ചിരിക്കുകയാണ് ദൈവം !!

മറുപുറം - എഴുത്തുകാരന്‍റെ ഓർമകൾ കൂടി കുറിച്ചുകൊള്ളട്ടെ... ആരോഗ്യ പ്രശ്നങ്ങളാൽ തളർന്ന എന്നെയും,
എന്‍റെ അമ്മയെയും, രോഗപീഡയിൽ വശംകെട്ട എന്‍റെ അച്ഛനെയും, അപകടത്തിൽ വീണുപോയ അനിയനെയും,
പ്രത്യാശ, പരിചരണം എന്നിവ നൽകി, ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നവരാണ് നഴ്സുമാർ...
ഏറണാകുളം ലിസ്സി, ലേക്ക്‌ഷോർ ആശുപത്രികളിലെ സ്നേഹനിധിയായ നഴ്സുമാരെ നന്ദിയോടെ ഓർക്കുന്നു...
നീതിക്കായി പോരാടുന്ന UNA'യിലെ എല്ലാ നഴ്സുമാർക്കായി സമർപ്പിക്കുന്നു...

(എന്‍റെ 4 കസിൻ ചേച്ചിമാർ നഴ്സിങ് ഫീൽഡിൽ ആണ് എന്ന് കൂടി പറഞ്ഞു കൊള്ളട്ടെ...)

ദൈവത്തിന്‍റെയും, ദൂതന്‍റെയും, അവരുടെ സ്വർഗ്ഗത്തിന്‍റെയും കഥ തുടരും....

ഫെജോ | FEJO
@officialFejo #mallurapper
#GodMessengerandHeaven #GMH #WhenEthicsStrike #KeralaNurses

No comments:

Post a Comment

what you THINK ??