Translate to your language

Showing posts with label blog. Show all posts
Showing posts with label blog. Show all posts

Thursday, 6 July 2017

Meat Animals Assemble 2 | മീറ്റ് അനിമൽസ് അസംബിൾ 2 - The Conclusion - Fejo | Malayalam Write Ups

Meat Animals Assemble 2 | മീറ്റ് അനിമൽസ് അസംബിൾ 2 - The Conclusion



ദേവാസുരം കാണാതെ രാവണപ്രഭു കാണരുത്...
റാംജിറാവു കാണാതെ മാന്നാർ മത്തായി കാണരുത്...
അതുപോലെ, 'മീറ്റ് അനിമൽസ് അസംമ്പിൾ' the beginning വായിക്കാതെ
അതിന്‍റെ conclusion വായിക്കരുത്...

അത് വായിക്കാൻ - http://fejostudiotenet.blogspot.in/2017/06/MeatAnimalsAssemble-Fejo.html

(കഥ തുടരുന്നു...)
തർക്കത്തിനിടയിലും കോഴിയുടെ ശബ്ദം ഉയർന്നു കേട്ടു : താറാവിനും കൂടി വേണ്ടിയാടോ ഞാൻ ഇവിടെ സംസാരിച്ചത്. അവസാനം നിങ്ങള്‍ നാൽകാലികൾ ഒക്കെ കൂടെ ഞങ്ങളെ തേച്ച്...

എരുമ : എന്‍റെ കോഴി... കേന്ദ്ര സർക്കാർ ഇങ്ങനെ ഉത്തരവ് ഇറക്കുമ്പോൾ ഞങ്ങൾ എന്തു ചെയ്യാനാ...

കോഴി : തനിക്കു അതു പറയാം. ഒരു കല്യാണ ഫങ്ഷനിൽ വന്നവർക്കെല്ലാം ഫുഡ് കൊടുക്കാൻ തന്നെപ്പോലുള്ള 2 എണ്ണത്തിനെ തട്ടിയാൽ മതി. ഞങ്ങൾ കോഴികളുടെ കേസ്സ് എങ്ങനാ...
50-100 ജീവനുകൾ ഒറ്റയടിക്ക് പോകും !! പോട്ടെ, ഞങ്ങടെ അടുത്ത തലമുറയെ,
ഞങ്ങടെ സ്വന്തം മക്കളെ കണ്ടിട്ടു കണ്ണടക്കാം എന്നു വിചാരിച്ചാലോ,
ഈ മനുഷ്യന്‍റെ മക്കള് മുട്ടയും അടിച്ചോണ്ടു പോകും, ഓംലെറ്റ് ഉണ്ടാക്കാൻ...
KFC'യിൽ കിടന്നു മൊരിയുന്ന ഞങ്ങടെ വേദന മനസിലാക്കാൻ നിങ്ങൾക്ക് കഴിയില്ല...
അതു കൊണ്ടു ഈ ചർച്ചയിൽ നിന്നു നുമ്മ പോണെയാണ്...
ഇനി ഒരു തിരിച്ചുവരവ്‌ ഉണ്ടാകില്ല ശശിയേ...

പോത്ത് ഹാലിളകി കൊണ്ടു പറഞ്ഞു : നീ പോടാ നേര്‍ച്ചക്കോഴി...

കലങ്ങിയ നെഞ്ചുമായി നടന്നു അകലുന്ന കോഴിയെ കണ്ടു ഒട്ടകം മറ്റു മൃഗങ്ങളോടായി പറഞ്ഞു : നിങ്ങൾ കോഴിയെ അങ്ങനെ അധിക്ഷേപിച്ചത് ശരിയായില്ല പുള്ളേ... ഒന്നുമില്ലെങ്കിലും ഞമ്മള് പണ്ട് ഗൾഫിൽ ആയിരുന്നപ്പോൾ ഞമ്മക്കടെ അറബി മുതലാളിമാർക്ക്എന്നും സ്നേഹത്തോടെ ഡിന്നർ ഒരുക്കിയിരുന്നവരാണ് കോഴികൾ...

പശു : അതിനു ??

ഒട്ടകം : ഇന്ന് നിങ്ങൾ കോഴിയോട് കാണിച്ച ഈ വിവേചനം,
'കശാപ്പു ചെയ്യാനാകാത്ത മൃഗങ്ങളുടെ ലിസ്റ്റിൽ' കഷ്ടിച്ചു കടന്നു കൂടിയ എന്നോട്, നാളെ കാണിക്കില്ല എന്നാര് കണ്ടു...
അതുകൊണ്ടു ഞമ്മ ഈ ചർച്ചയിൽ നിന്നും,
ഈ സംഘടനയിൽ നിന്നും വിട്ടു പോണെയാണ്... സലാം...

പടിയിറങ്ങുന്ന ഒട്ടകത്തെ കണ്ടു സന്തോഷത്തോടെ പോത്ത് അമറി : പോടാ കൂനാ... എങ്ങോട്ടേലും പോടാ...

കാള : പോകുന്നവർ പോകട്ടെ... നമുക്ക് ചർച്ച തുടരാം...
(പെട്ടന്ന് മുഖഭാവം മാറുന്നു)
ങേ... അതാരാ ആ വരുന്നേ ??

കോഴിയും ഒട്ടകവും ഇറങ്ങിപ്പോയ വാതിലിലൂടെ കടന്നുവരുന്ന ആ ഇരുകാലിയെ കണ്ടു അവിടെ ഉണ്ടായിരുന്ന മൃഗങ്ങൾ ഞെട്ടി...
അതൊരു മനുഷ്യൻ ആയിരുന്നു....

മനുഷ്യൻ : നല്ല നമസ്ക്കാരം

ഇരുകാലിയെ കണ്ടു പൊത്തിനു പിന്നേം ഹാലിളകി : നീ ഇതു എവിടുന്നു വന്നെടാ മരഭൂതമേ... മനുഷ്യ മൃഗമേ...

മനുഷ്യൻ ചിരിച്ചു കൊണ്ട് : നിങ്ങൾ ആരും ഭയപ്പെടേണ്ടാ...
ഞാൻ ഒരു മൃഗ സ്നേഹിയാകുന്നു....

'ഭയാനക' രസം നിറഞ്ഞ മൃഗ മുഖങ്ങളിൽ 'ശാന്ത' രസം തെളിഞ്ഞു...

എരുമ : ബ്ലഡി ഫൂള്‍... പേടിപ്പിച്ചു കളഞ്ഞല്ലാഡോ... മൃഗ സ്നേഹിയാണല്ലേ... എങ്കിൽ ഇരിക്കൂ... ഞങ്ങളുടെ ചർച്ചയിൽ പങ്കെടുക്കൂ...
എന്താണ് സർക്കാരിന്‍റെ പുതിയ മൃഗ സംരക്ഷണ നിയമത്തെ പറ്റിയുള്ള താങ്കളുടെ വിലയിരുത്തൽ ??

മനുഷ്യൻ : ആഹ്... ആ നിയമത്തിൽ വന്ന പുതിയ മാറ്റം നിങ്ങളെ അറിയിക്കാൻ വേണ്ടിയാണ് ഞാൻ വന്നത്...

പോത്ത് ഞെട്ടി : എന്തു മാറ്റം ??

മനുഷ്യൻ : നേരത്തെ ഇറങ്ങിയ കശാപ്പു നിരോധന ലിസ്റ്റ് ഇല്ലേ...
അതിൽ നിന്നു എരുമയെയും പോത്തിനെയും സര്‍ക്കാര്‍ ഒഴിവായി എന്ന്...

പോത്ത് : അയ്യോ...

എരുമ : എന്‍റമ്മേ...

പശു : ആരും പേടിക്കേണ്ടാ... ഈ മനുഷ്യൻ നമ്മുടെ യൂണിറ്റി തകർക്കാൻ വേണ്ടി ഇല്ലാക്കഥ പറയുകയാണ്...

മനുഷ്യൻ : സംശയം ഉണ്ടേൽ നീ ആ ട്വിറ്റർ എടുത്തു ഒന്നു നോക്കു കാളെ...

മൊബൈലിൽ നോക്കി കാര്യം മനസിലാക്കിയ കാള ഞെട്ടലോടെ : ശരിയാണ്... കശാപ്പു നിരോധന നിയമത്തിൽ കേന്ദ്ര സർക്കാർ ഭേദഗതി വരുത്തി... (തൊണ്ടയിലൂടെ വെള്ളം ഇറക്കുന്ന ശബ്ദം)

എരുമ : എന്നിട്ടു ആരും പേടിക്കേണ്ട എന്നല്ലേ... പോത്തേട്ടാ...
ഒന്നും നോക്കണ്ടാ... ഓടിക്കോ...

എരുമയോടൊപ്പം ഓടുന്ന പോത്ത് : നിന്നെ ഞാൻ എടുത്തോളാമെടാ പശുവിനു ഉണ്ടായവനെ...

ബാക്കി മൃഗങ്ങളെയും പ്രാകി എരുമയും പോത്തും സ്ഥലം കാലിയാക്കി.

കാള : പോകുന്നവർ ഒക്കെ പോകട്ടെ... എന്തൊക്കെ വന്നാലും ഈ കാള കിടക്കും, കയറോടും... നിങ്ങൾ ആ കന്നുകാലി നിരോധന നിയമത്തിന്‍റെ
ബാക്കി പോയിന്‍റസ് പറ പശു....

പശു : ങ്ങാ... ശരി... ഇനി 6 മാസം കഴിഞ്ഞേ, നമുക്ക് ട്രാൻസ്ഫർ ഓർഡർ കിട്ടൂ !!

മനുഷ്യൻ : എന്താണെന്ന് ??

പശു : എടോ... ഞങ്ങളുടെ മേൽ ഓണർഷിപ്പ് ഉള്ള കർഷകന്
ഇനി 6 മാസത്തിനു ശേഷമേ ഞങ്ങളെ മറിച്ചു വിൽക്കാൻ പറ്റൂ എന്നു...

മനുഷ്യൻ : ആഹ്... ആ നിയമവും പോയി...

കാള : എവിടെ പോയെന്ന് ??

മനുഷ്യൻ : നിങ്ങൾ പറഞ്ഞു വരുന്ന പുതിയ കേന്ദ്ര സർക്കാർ നിയമം,
നമ്മുടെ മദ്രാസ് ഹൈക്കോടതി സ്റ്റേ ചെയ്തു... ഇനിയെല്ലാം പഴയ പോലെ ആകും...

പശു : ഗോമാതാവേ... ഇതിനെ മറികടക്കാൻ ഞങ്ങള് എന്തു ചെയ്യണം ??

മനുഷ്യൻ : മദ്രാസ് ഹൈക്കോടതിയുടെ സ്റ്റേ ഓർഡറിന്,
സുപ്രീംകോടതിയിൽ പോയി ഒരു സ്റ്റേ കൊടുത്താൽ മതി !!

കാള : ഇതും പറഞ്ഞു നമ്മൾ ഇവിടെ 'സ്റ്റേ' ചെയ്യുന്നത് അത്ര സേഫ് അല്ലാ...

പശു : അതേ... എടോ മനുഷ്യാ, താൻ ഒരു മൃഗസ്നേഹി അല്ലെ...
തനിക്കു ഞങ്ങളെ രക്ഷിക്കാൻ ആകുമോ ?? അതു പോട്ടെ,
തനിക്ക് യേത് മൃഗത്തിനെയാണ് കൂടുതൽ ഇഷ്ടം ?? പശുവാണോ, ആടാണോ, പന്നിയാണോ ??

മനുഷ്യൻ : പശു, ആട്, പന്നി... ഇവയെക്കാൾ എനിക്കിഷ്ടം ബീഫും, മട്ടണും, പോർക്കുമാണ്...

ഞെട്ടിത്തെറിച്ചു കൊണ്ടു കാള : കള്ള പന്നി... എന്നിട്ടു താൻ എന്തിനാടോ ഇങ്ങോട്ടു വന്നത് ??

ചിരിച്ചു കൊണ്ട് മനുഷ്യൻ : കശാപ്പു നിരോധനത്തിന് സ്റ്റേ ഓർഡർ കിട്ടിയ സ്ഥിതിക്കു അതൊന്നു ആഘോഷിക്കാൻ, ഒരു ബീഫ് ഫെസ്റ്റിവൽ നടത്താനുള്ള ഇറച്ചി നോക്കി ഇറങ്ങിയതാ !!

പശു : കടവുളേ... രക്ഷയില്ലാ... ടിപ്പിക്കൽ മലയാളീ !!

കാള : പ്രതിഷേധിക്കാൻ ബീഫ് ഫെസ്റ്റിവൽ, പ്രതിഷേധം സക്സസ്സ് ആയാൽ
അതിനും ബീഫ് ഫെസ്റ്റിവൽ !! മടുത്തൂ ഈ ജീവിതം...

പശു : ഒന്നും ആലോചിക്കാൻ ഇല്ല... എസ്കേപ്പ്...
ഹും... ഗുജറാത്തിലേക്ക് തന്നെ വിടാം... ഏതു വഴി പോകണം കാളെ ??

കാള : കണ്ണൂര് വഴി പോകാം...

പശു : കണ്ണൂര് പോയാൽ അവിടുള്ള യൂത്തൻമാര് പബ്ലിക് ആയി, നടു റോഡിൽ ഇട്ടു നമ്മളെ അറഞ്ചം പുറഞ്ചം കശാപ്പു ചെയ്തു കൊന്നു പ്രതിഷേധിക്കും... അതിലും ഭേദം അറബിക്കടലിൽ ചാടുന്നതാ...
കാളക്കുട്ടീ... വിട്ടോടാ...

പശുവിനൊപ്പം ഓടിമറയുന്നത്തിനിടയിൽ മനുഷ്യനെ നോക്കി
കാള ഇങ്ങനെ പറയുന്നത് കേൾക്കാമായിരുന്നു : ഒന്നിലെങ്കിൽ
ഞങ്ങ മൃഗങ്ങളുടെ IQ നിങ്ങ മനുഷ്യരുടെ ലെവൽ വരെ ഉയരണം...
അല്ലെങ്കിൽ, നിങ്ങ മനുഷ്യര് ഞങ്ങടെ ലെവൽ വരെ താഴണം...
ഇതു രണ്ടും നടക്കാത്തിടത്തോളം കാലം, നമ്മളില്ലേ !!

ചർച്ച അലസുകയാണ്... മൃഗ സംഘടന പൊളിയുകയാണ്... മനുഷ്യൻ പിന്നേം ചിരിക്കുകയാണ്...
വേറെ ഏതെങ്കിലും സംരക്ഷണ നിയമം ഇനി വന്നാല്‍, ഒരു മൂന്നാം അങ്കത്തിലൂടെ അവയെ നേരിടാം എന്ന പ്രതീക്ഷയോടെ...

(ശുഭം)

ഫെജോ | FEJO
@officialFejo #Fejo #mallurapper
#MeatAnimalsAssemble

Friday, 2 June 2017

Meat Animals Assemble | മീറ്റ് അനിമൽസ് അസംബിൾ - Fejo | Malayalam Write Ups

Meat Animals Assemble | മീറ്റ് അനിമൽസ് അസംബിൾ



മനുഷ്യൻ ഭക്ഷണത്തിനായി ഉപയോഗിക്കുന്ന മൃഗങ്ങൾ ഒത്തുകൂടിയിരിക്കുകയാണ്.
അവർ രൂപീകരിച്ച സംഘടനയുടെ ഭാരവാഹികൾ സംസാരിച്ചു തുടങ്ങി

പശു : ക്ഷണം സ്വീകരിച്ചു എത്തിയ കാളക്കും, എരുമയ്ക്കും, പോത്തിനും, ഒട്ടകത്തിനും, കോഴിക്കും നന്ദി.

കേട്ടപാടെ മുറുമുറുത്തുകൊണ്ടു പോത്ത് : മനുഷ്യൻ ഭക്ഷണത്തിനായി ഉപയോഗിക്കുന്ന മൃഗങ്ങളുടെ കൂട്ടായ്മ അല്ലെ ഇത്.
ഇവിടെ എന്താ ഈ ഒട്ടകത്തിന് കാര്യം?

മറുപടി ഒട്ടകം തന്നെ പറഞ്ഞു : ചില പഹയന്മാര് ഞമ്മളേം ഫ്രൈ അടിക്കാറുണ്ട്.  എന്തിന്, ഞമ്മടെ പുള്ളാരേം വിടാറില്ല.
അങ്ങനെ സഹികെട്ട് ഈ സംഘടനയിൽ എത്തിയതാണ്.

എരുമ : അല്ലേലും ഈ പോത്തിന്‍റെ ചെവിയിൽ വേദം ഓതിയിട്ട് ഒരു കാര്യവും ഇല്ല. നിങ്ങൾ ചർച്ചയിലേക്ക് വാ.

പശു : ഇന്ത്യക്കു സ്വാതന്ത്ര്യം ലഭിച്ചിട്ടു വർഷം 70 ആയി. ഇപ്പോഴും ഇവിടുത്തെ മനുഷ്യർക്കേ സ്വാതന്ത്ര്യം ഉള്ളു.
നമ്മൾ മൃഗങ്ങൾ അസ്വസ്ഥരാണ്, ഇപ്പോഴും അടിമത്വത്തിലാണ്.

കാള : നമ്മൾ കഷ്ടപ്പെട്ടു അവർക്കു നൽകുന്നത് കൃഷി-വിളവ്-നൂറുമേനി.
തിരിച്ചു അവർ നമുക്ക് തരുന്നതോ, പിണ്ണാക്ക്-കാടിവെള്ളം-പഴത്തൊലി.

എരുമ : ആനകളെ കൊണ്ട് അവര്‍ തടിമില്ലിൽ തടി എടുപ്പിക്കുന്നു, അമ്പലത്തിൽ തിടമ്പ് ഏറ്റുന്നു. ഈ ആനകൾ പിന്നീട്...

പോത്ത് വീണ്ടും വട്ടം ഉടക്കി : ആനമൊട്ട ! മനുഷ്യർ തിന്നുന്ന മൃഗങ്ങളുടെ കാര്യം പറയണം മിസ്റ്റർ...

ഇതിനു മറുപടി പറഞ്ഞത് കോഴിയാണ് : മനുഷ്യർ തിന്നുന്ന മൃഗങ്ങളുടെ കാര്യമേ പറയാവൂ അല്ലേ...
അങ്ങനെ എങ്കിൽ കൂടുതൽ മൃഗങ്ങൾ ഇവിടെ എത്തേണ്ടതല്ലേ...  പന്നി എവിടെ, ആട് എവിടേഡോ പാപ്പാനെ...

പശു : അങ്കമാലി ഡയറീസ് എന്ന സിനിമയുടെ നൂറാം ദിന ആഘോഷങ്ങളുടെ ഭാഗമായി അങ്കമാലിയിലുണ്ട് പന്നി.
ആട് 2 എന്ന സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ടു ഇടുക്കിയിലാണ് ആട്. ടൈറ്റ് ഷെഡ്യൂൾ  ആയതിനാൽ വരാനാകില്ല എന്ന് ഇവർ നേരത്തെ തന്നെ സംഘടനയെ അറിയിച്ചിരുന്നു.

കോഴി : സിനിമാക്കാരുടെ ഇത്തരം താര ജാടകൾ നമ്മൾ വെച്ചുപൊറുപ്പിക്കാതിരിക്കുക.

എരുമ : ചർച്ചയിലേക്ക് തിരിച്ചു വരൂ.

പശു : ഒരു ആഴ്ച മുൻപ് നമ്മുടെ സങ്കടങ്ങളും ആവശ്യങ്ങളും ട്വിറ്ററിലൂടെ ഭരണാധികാരിയെ നമ്മൾ അറിയിച്ചിരുന്നു.
ഏകദേശം ഒരു മണിക്കൂറിനുള്ളിൽ തന്നെ ആവശ്യങ്ങൾ അംഗീകരിച്ചു, വേണ്ട നടപടികൾ കൈക്കൊള്ളും എന്ന് റിപ്ലൈ വന്നു.
അതിന്‍റെ ഫലമായി വന്ന പുതിയ നിയമങ്ങൾ നിങ്ങൾ പത്രങ്ങളിലൂടെ അറിഞ്ഞുകാണുമല്ലോ ?

എരുമ : ഇല്ല...

കാള : എടോ... പശു, കാള, എരുമ, പോത്ത്, ഒട്ടകം... ഈ മൃഗങ്ങളുടെ കശാപ്പു സർക്കാർ നിരോധിച്ചു എന്ന്...

അപ്പോൾ സദസ്സിൽ കയ്യടികൾ മുഴങ്ങി...
കേട്ടപാടെ മുറുമുറുത്തുകൊണ്ടു വീണ്ടും പോത്ത് എത്തി : സംഭവം കൊള്ളാം, പക്ഷെ ഈ ഒട്ടകം എങ്ങനെ ലിസ്റ്റിൽ കേറി ?
സത്യം പറയെടാ, നിനക്ക് റിസർവേഷൻ ഇല്ലേ... നീ ഏതാ ജാതി.

ഒട്ടകം : ജാതിയാ ? നീ അത് വിട്ടു പിടി. ഞമ്മക്ക് ഡൽഹിയില് മാത്രമല്ലാ, അങ്ങ് ഗൾഫിൽ വരെ ഉണ്ടെടാ പിടി.

പെട്ടന്നു അതാ ഒരു വശത്തുനിന്നു ഒരു കരച്ചിൽ കേട്ടു.
പ്രാണവേദനയെന്നപോലെ വലിയ വായിൽ കരയുകയാണ് കോഴി

എരുമ : നീ പക്ഷിയായത് കൊണ്ടല്ലേടാ ഈ ലിസ്റ്റിൽ കയറാത്തെ... സമാധാനിക്ക്...

കോഴി : ഉണ്ട... നിങ്ങളെപോലെ ഞാനും നടക്കും, ഓടും... പക്ഷെ മൃഗമല്ല, വേണേൽ നീന്തും... പക്ഷെ മീനല്ലാ...
ചിറകു വീശി പറന്നാൽ പാകിസ്ഥാൻ വിട്ട റോക്കറ്റ് പോലെ പൊരപ്പുറത്തു വന്നു വീഴും.
എന്നിട്ടും ഞാൻ പക്ഷിയായി. എന്ത് വിരോധാഭാസം ആണിത് !

പശു : നിന്‍റെ  പേര് ലിസ്റ്റിൽ ഇല്ലാത്തതിനു ഞങ്ങൾ എന്ത് ചെയ്യാനാ ?

കോഴി : താൻ വലിയ വർത്താനം ഒന്നും പറയേണ്ട... തനിക്കു കേന്ദ്രത്തിലും സ്വാമിമാരുടെയും ഇടയിൽ വലിയ പിടിയില്ലേ...
അങ്ങനെ അല്ലെടോ താൻ ആ ലിസ്റ്റിൽ കയറിക്കൂടിയത്...

പശു : സ്വാമിമാരുമായി നിനക്കുമില്ലെടാ കോഴീ ബന്ധം. നിങ്ങൾ കേട്ടിട്ടില്ലേ 'ചുട്ട കോഴിയെ പറപ്പിക്കുന്ന സ്വാമി എന്നൊക്കെ'

കോഴി : ചുട്ടു കഴിഞ്ഞിട്ട് പറന്നിട്ടെന്തിനാടാ പട്ടി !

പശു : പട്ടിയെന്നോ, മര്യാദക്ക് സംസാരിക്കണം !

മനുഷ്യൻ ഭക്ഷിക്കുന്ന മൃഗങ്ങളുടെ ഉന്നമനത്തിനായി രൂപീകരിച്ച സംഘടനയിൽ അങ്ങനെ തർക്കം മൂക്കുകയാണ്.

കോഴി 'കശാപ്പു ഫ്രീ' ലിസ്റ്റിൽ ഉൾപ്പെടുമോ ?
മുറുമുറുപ്പുമായി പോത്ത് വീണ്ടും എത്തുമോ ?
പശു എങ്ങനെയായിരിക്കും ഈ തർക്കത്തിന് തടയിടുന്നത് ?

ഇതെല്ലാം അറിയാൻ Meat Animals Assemble 2 - The Conclusion'നായി കാത്തിരിക്കുക...

(തുടരും)

Meat Animals Assemble 2 - The Conclusion ഇറങ്ങിയിട്ടുണ്ട്...
വായിക്കാന്‍ - http://fejostudiotenet.blogspot.in/2017/07/MeatAnimalsAssemble2-Fejo.html

ഫെജോ | FEJO
@officialFejo #mallurapper
#MeatAnimalsAssemble